Idukki - Nedumkandam

 

 

 

 

 

 

ഇടുക്കി 

യാത്രയിൽ കിട്ടിയ കഥ  


മഞ്ഞുകാലത്ത് തണുപ്പുള്ള ഉച്ചനേരത്താണ് ഞങ്ങൾ നെടുംകണ്ടത്തുള്ള
ആനക്കൽ മലയുടെ മുകളിൽ എത്തിയത്. ചില യാത്രകൾ മനസ്സിലെ നിഗൂഢതകളെ പുറത്തുകൊണ്ടുവരും. ഒരിക്കലും ഉത്തരം കിട്ടില്ല എന്നുനമ്മൾ ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരമാകും ചില യാത്രകൾ.

ഈ മലയെ ചുറ്റിപറ്റി തലമുറകൾ  വാമൊഴിയായി പറഞ്ഞു പരത്തിയ ചില കഥകൾ ഉണ്ട്. അതിൽ ഒരു കഥ നടക്കുന്നത് ഹൈദരലി മൈസൂർ സുൽത്താൻ ആകുന്നതിനും വർഷങ്ങൾക്കു മുൻപാണ്. ഹൈദരലി ദിണ്ഡിഗലിൽ ഫൗജിദാർ ആയിരുന്ന സമയം. ഡച്ചുകാർക്കു കൊച്ചിയിൽ നിന്നും തിരുവിതാംകൂറുനിന്നും യഥേഷ്ടം കുരുമുളക് കിട്ടുന്നുണ്ട്. ഹൈദർ കൂടുതൽ ഏലവും കുരുമുളകും കിട്ടാനുള്ള വഴികൾ ആലോചിക്കുന്ന സമയം. (അന്ന് സിൽക്‌റോഡ് (silk route) വഴി തിരുവിതാംകൂർ നിന്നും ഈജിപ്റ്റിലേയ്ക്കും പേർഷ്യയിലേയ്ക്കും വരെ വ്യാപാരം നടന്നിരുന്നു.

അധികാരമോഹത്തിനായി പണം അനേഷിച്ചുനടന്ന ഹൈദർക്ക് തിരുവിതാംകൂർ അതിർത്തിയിലുള്ള ചെകുത്തായ മല ഒരു തടസ്സം ആയിതോന്നിയില്ല.  വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഹൈദർ അലി ഒരു വഴി വെട്ടി ഉണ്ടാക്കി.ഹൈദർ മല കയറി തിരുവിതാംകൂറിലെ അതിർത്തി ഗ്രാമത്തിലെത്തി. തലച്ചുമടായി ഈ മല വഴി ഏലവും കുരുമുളകും കടത്തിക്കൊണ്ടുപോയി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഹൈദർ അലി മൈസൂർ സുൽത്താനായി.

പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ തേനി ജില്ലയിൽ (കമ്പം തേനി) നിന്നും ഹൈദർ വെട്ടിയ പാതയിലൂടെ ഒരു ചെട്ടിയാരും സംഘവും മല കയറി ഇടുക്കിയുടെ അതിർത്തി ഗ്രാമത്തിലെത്തി. പിന്നീട് ഈ പാത ചെട്ടിയാരുടെ നിയന്ത്രണത്തിലായി. കച്ചവടത്തിലെ മിടുക്കുകൊണ്ട് ചെട്ടിയാർ സമ്പന്നനായി. പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആനക്കൽ മലയ്ക്കും രാമയ്‌ക്കൽ മേടിനും ഇടയ്ക്കുള്ള നാലഞ്ചു മലകൾ കൂടി ചെട്ടിയാരുടെ സ്വന്തമായി.

ഇന്നും ചെട്ടിയാരുടെ ഒരു വേനൽക്കാല വസതി ഈ മലമുകളിൽ ഉണ്ട്. G S T (Goods and Service Tax) നടപ്പായതിൽ പിന്നെ ചെട്ടിയാർ ഉപയോഗിച്ചിരുന്ന വഴി ആരും ഉപയോഗിക്കാതെ കാടു കയറി പോയി.

ഈ മലയിൽ നിന്നെടുത്ത ഏതാനും ദൃശ്യങ്ങൾ ആണ് താഴെ ചേർത്തിരിക്കുന്നത്.


ശക്തമായ കാറ്റാണിവിടെ വെയിൽ ഉള്ള കാര്യം നമ്മൾ അറിയില്ല 

മലയെ പറ്റി വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്താൽ മാത്രം മല കയറുക



കമ്പം തേനി ജില്ലയിൽ പെട്ട ചില സ്ഥലങ്ങൾ ആണ് താഴെ കാണുന്നത് 
കാറ്റ് വൃക്ഷങ്ങളെ വളരാൻ അനുവദിക്കില്ല , എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റാണിവിടെ!

മലയിൽ തന്നെയുള്ള ആദിവാസി കോളനിയിൽ താമസിക്കുന്ന സ്ത്രീയും കുട്ടിയും . മന്നൻ ഗോത്രത്തിൽ(mannan community) പെട്ടവർ താമസിക്കുന്ന ഒരു ആദിവാസി കോളനി ഈ മലയിൽ ഉണ്ട്. മന്നൻ ഗോത്രത്തിന് ഒരു രാജാവുണ്ട്. ഇന്ത്യൻ government അംഗീകരിച്ച രാജാവാണ് ഈ ഗോത്രത്തിലുള്ളത്. അഴുത ,ദേവികുളം , കോവിൽമല  എന്നിവിടങ്ങളിൽ ഈ ഗോത്ര സമൂഹം താമസിക്കുന്നു. കൂടുതൽ കാര്യങ്ങൾ കോവിൽ മല സന്ദർശനം കഴിയുമ്പോൾ എഴുതാം. കോവിൽ മലയെ കോഴിമല എന്നും പറയപ്പെടുന്നു . Tribal kingdom എന്നും കോവിൽ മല അറിയപ്പെടുന്നു.
ആദിവാസികൾ ആരാധന നടത്തുന്ന ചെറിയ ഒരു ഗുഹയുണ്ട്,അതിലേയ്ക്ക്  ഇറങ്ങാനുള്ള കൽപ്പടവുകൾ 
ആദിവാസികൾ ആരാധന നടത്തുന്ന ചെറിയ ഒരു ഗുഹയാണ്. ഇതിനടുത്തുതന്നെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. . വെള്ളം എവിടെനിന്നും വരുന്നു എന്നു ചിലപ്പോൾ നമ്മൾ  അതിശയിക്കും.കാരണം ചെറുതോണി ഡാമും ഇടുക്കി ഡാമും ഈ മല സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും ഒരുപാടു താഴെയാണ്. ഒരു പക്ഷെ ഈ അരുവി സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയാകും ഇവിടെ ഒരു ആരാധന മൂർത്തി ഉണ്ടായത്. 


ഗുഹയ്ക്കുള്ളിൽ നിന്നും ശേഖരിച്ച വെള്ളവുമായി വരികയാണ് അലൻ.
നന്ദിയും കടപ്പാടും
അലൻ രാജിന്, 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ